10 July 2013

.....

ഉറക്കെ അടക്കാൻ പറ്റാത്ത വാതിലുകൾ ചിലതുണ്ട്
ഒറ്റ മുട്ടിനു അകത്തേക്ക് തുറക്കുന്നവ
ഇരുട്ടിനും മറയ്ക്കാൻ പറ്റാത്ത സത്യങ്ങളുണ്ട്
ഇടയ്ക്കിടെ  ചീവീട് പോലെ മൂളുന്നവ
എനിക്കും നിനക്കുമിടയിൽ ജീവിതമുണ്ട്
അതിലും വലിയ ഒരു മരണവും




20 September 2012

അവളുടെ കുപ്പായം..


നീ കൂടെയുള്ളപ്പോള്‍
ഞാന്‍ ധരിച്ച കുപ്പായം
അലക്കാതെ കിടക്കുന്നു
അതെടുത്ത് മണക്കുമ്പോള്‍
നിന്റെ വിയര്‍പ്പില്‍ കുതിര്‍ന്ന
നിന്റെ കാമുകിയുടെ മണം
എന്റെ കൂടെയുള്ളപ്പോള്‍ പോലും
നീ തുരുതുരാ ചുംബിച്ചിരുന്നത്
അവളെയായിരുന്നല്ലോ
എന്നിട്ടും നിന്നെയോര്‍ക്കാനാവണം
തിരിച്ചു പോരുമ്പോള്‍ നീ ഊരിയെടുത്ത
അവളുടെ കുപ്പായം 
നീയറിയാതെ ഞാന്‍ മോഷ്ടിച്ചത്

6 September 2012

...

ഞാന്‍ നിന്നെ ശരിക്കും പ്രേമിക്കുന്നുണ്ടോ
എന്ന് ചോദിച്ച പ്രിയ കൂട്ടുകാരാ..
ഞാന്‍ നിന്നെ പ്രേമിക്കുന്നില്ല..
നിന്റെ ഉള്ളിലെ എന്നെ( മാത്രം ?) സ്നേഹിക്കുന്നു...
അല്ലെങ്കില്‍ പിന്നെ നിന്റെ തൊട്ടടുതിരിക്കുമ്പോള്‍
എന്നെ അനുസരിക്കാത്ത എന്റെ ചുണ്ടുകളും കൈകളും
എന്റെ ഉറക്കം കെടുത്തുന്നതെന്തു ?

14 August 2012

ഇതേതു ഇസം ?

ബ്രഷിനെ കുറിച്ച് വാചാലനാവുന്നു
ഫെമിനിസ്റായ പുരുഷന്‍
മറ്റൊരാളുപയോഗിച്ച ബ്രഷ് കൊണ്ട്
പല്ല് തേക്കുമ്പോള്‍ തോന്നുന്ന ഒരിതില്ലേ ?
ലത് തന്നെ...
നരച്ച നീല ജീന്‍സിനുള്ളില്‍
തിളഞ്ഞു മറിയുന്ന ലാവ
ഒളിപ്പിച്ചോരിടം
മറ്റൊരുവള്‍ ഉപയോഗിച്ചതെന്ന്
പറഞ്ഞതും ടിയാന്‍ തന്നെ !
അല്ല ബുജീ..
ഇത് ഏതു ഇസം ?

18 February 2011

വീട്

വീടുകൾ മാറിമാറി
ഒടുവിലിവിടെയെത്തി
ഇടത്താവളങ്ങൾ പലത്
വീടുപേക്ഷിച്ച ഞാനും
ഞാനുപേക്ഷിച്ച വീടും
ചില അവശേഷിപ്പുകൾ ബാക്കി..
അമ്മയുടെ ഗർഭപാത്രം
അമ്മമ്മയുടെ മടിത്തട്ട്
ഇപ്പോൾ നിന്റെ ഹൃദയം !

23 October 2010

വിളക്കുമരം

വിടെയുണ്ടാവും ഞാനെന്നും 
നിന്റെ കൈകളില്‍ കല്ല്‌ മുറുകുന്നത് വരെ...
അതെറിയാന്‍ നീ പ്രാപ്തനാവും വരെ..
ഒരിക്കല്‍ നീ വരും;എനിക്കറിയാം..
മായക്കാഴ്ചകള്‍ തീര്‍ക്കും 
ചില്ലുകൂട്ടില്‍ നിന്നെന്നെ മോചിപ്പിക്കുവാന്‍ 
നിറങ്ങള്‍ ചിതറിയൊഴുകും;
മാറിനില്‍ക്കുക നീ;എന്റെ പൊട്ടി-
ച്ചിതറിയ സ്വപ്നച്ച്ചില്ലുകളില്‍ കാല്‍വെക്കാതെ;
അതിനെ പുതുനിണനിറമണിയിക്കാതെ..

2 October 2010

ഫ്ലാഷ് ബാക്ക്

ന്റെ ചലിക്കുന്ന സ്വപ്നഫ്രെയിമുകള്‍ക്കി-
ടയിലൊരു വേള;നീ വന്നു
നിറം മങ്ങിയ ചെടികള്‍ക്ക് ജീവന്‍ വെച്ചു..
പൂമ്പാറ്റകള്‍ പറന്നു വന്നു..
ബ്ലാക്ക്‌ ന്‍ വൈറ്റ് സിനിമയ്ക്കു പരിണാമം;
സ്വപ്നത്തിലെ സ്വര്‍ഗത്തിലും
ഒരു ആപ്പിള്‍ മരമുണ്ടായിരിക്കണം..
അത് കടിച്ചതും നിറം മങ്ങി..
ഇപ്പോള്‍ കാണുന്നത് ഫ്ലാഷ് ബാക്ക് ആയിരിക്കും

21 August 2010

നിഴലുകള്‍.

നിഴലുകള്‍..
പിന്നാലെ വന്ന്..
ഇടവഴികളില്‍..
വളവുകളില്‍..ചെരിവുകളില്‍..
കൂടെ നടന്നു ചില കണ്ണുകള്‍ മറച്ചു
മറ്റു ചില കണ്ണുകള്‍ക്ക്‌ നേരെ കല്ലെറിഞ്ഞു
പേടിപ്പിച്ചു..ശാസിച്ചു..
അവ കടന്നുപോകും..
ആകാശത്തിനുമപ്പുറം വടിയുമായി 
ഒരാള്‍  നില്‍പ്പുണ്ട്..
കുപ്പായമില്ലാതെ ഇരുട്ട്മുറിയിലിരിക്കുന്ന 
രൂപമില്ലാത്ത നിറമില്ലാത്ത ഒരാള്‍..
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുള്ള
താല്‍ക്കാലിക ഉത്തരം..
അവരുടെ അദൃശ്യമായ പേന
തലയില്‍ വരക്കുന്നതത്രേ ജീവിതം..
നിഴലുകള്‍..
തടിച്ചും മെലിഞ്ഞും
തെളിഞ്ഞും മറഞ്ഞും
ഒറ്റക്കും ഇരട്ടക്കും കാണാം
ഇരുട്ടത്തൊഴിച്ച് ..
ഇരുട്ട്..
അപ്പോഴെങ്കിലും കിട്ടുമല്ലോ
എനിക്കെന്നെ..

21 March 2010

..

രിങ്കല്‍പ്പാളികള്‍ മറച്ചിരിക്കുന്നു എന്റെ ആകാശം
ഇനിയെനിക്കെന്റെ പുസ്തകം തുറക്കാം
എന്റെ മയില്‍പ്പീലികള്‍
ചാപിള്ളകളെ പെറ്റുകൂട്ടട്ടെ  

13 February 2010

സാധ്യമാല്ലാത്തത്..

ഗ്ലോബില്‍ കാണുന്ന ഭൂമിയെ
മുന്നോട്ടും പിന്നോട്ടും
തിരിക്കാന്‍ മാത്രമേ
എനിക്കറിയൂ...
യാതാര്ത്ഥ്യത്തെ
തിരിക്കാനും മറിക്കാനും
വളച്ചൊടിക്കാനും
കഴിയുമായിരുന്നെങ്കില്‍
ഞാനെന്നെ പിന്നോട്ടുപോയി
തെറ്റുകള്‍ തിരുത്തി
മടങ്ങിയെത്തിയേനെ..